ഉത്‌പത്തി - 45

ജോസഫ്‌ തന്നെത്തന്നെ വെളിപ്പെടുത്തുന്നു

1 തന്‍െറ അടുത്തുനിന്നിരുന്ന ഈജിപ്‌തുകാരുടെയെല്ലാം മുന്‍പില്‍ വികാരമടക്കാന്‍ ജോസഫിനു കഴിഞ്ഞില്ല. അവരെയെല്ലാം പുറത്താക്കാന്‍ അവന്‍ ആജ്‌ഞാപിച്ചു. അതിനാല്‍ ജോസഫ്‌ സഹോദരന്‍മാര്‍ക്കു തന്നെത്തന്നെ വെളിപ്പെടുത്തിയപ്പോള്‍ മറ്റാരും അടുത്തുണ്ടായിരുന്നില്ല. അവന്‍ ഉറക്കെക്കരഞ്ഞു.

2 ഈജിപ്‌തുകാരും ഫറവോയുടെ വീട്ടുകാരും അതു കേട്ടു.

3 ജോസഫ്‌ സഹോദരന്‍മാരോടു പറഞ്ഞു: ഞാന്‍ ജോസഫാണ്‌. എന്‍െറ പിതാവ്‌ ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ? അവരാകെ സ്‌തംഭിച്ചുപോയി. അവര്‍ക്കു സംസാരിക്കാന്‍ കഴിഞ്ഞില്ല.

4 അവന്‍ അവരോട്‌, എന്‍െറ അടുത്തേക്കു വരുക എന്നുപറഞ്ഞു. അവര്‍ അടുത്തുചെന്നപ്പോള്‍ അവന്‍ പറഞ്ഞു: നിങ്ങള്‍ ഈജിപ്‌തുകാര്‍ക്കു വിറ്റ നിങ്ങളുടെ സഹോദരന്‍ ജോസഫാണു ഞാന്‍.

5 എന്നെ ഇവിടെ വിറ്റതോര്‍ത്ത്‌ നിങ്ങള്‍ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ടാ. കാരണം, ജീവന്‍ നിലനിര്‍ത്താന്‍വേണ്ടി ദൈവമാണ്‌ എന്നെ നിങ്ങള്‍ക്കുമുന്‍പേ ഇങ്ങോട്ടയച്ചത്‌.

6 നാട്ടിലാകെ ക്‌ഷാമം തുടങ്ങിയിട്ടു രണ്ടുകൊല്ലമായി. ഉഴവും കൊയ്‌ത്തുമില്ലാത്ത അഞ്ചുവര്‍ഷം ഇനിയുമുണ്ട്‌.

7 നിങ്ങള്‍ക്കു ഭൂമിയില്‍ സന്തതികളെ നിലനിര്‍ത്താനും വിസ്‌മയകരമായരീതിയില്‍ രക്‌ഷ നല്‍കാനുംവേണ്ടി ദൈവം എന്നെ നിങ്ങള്‍ക്കു മുന്‍പേ ഇങ്ങോട്ടയച്ചതാണ്‌.

8 അതുകൊണ്ട് നിങ്ങളല്ല, ദൈവമാണ്‌ എന്നെ ഇങ്ങോട്ടയച്ചത്‌. അവിടുന്ന്‌ എന്നെ ഫറവോയ്‌ക്കു പിതാവും അവന്‍െറ വീടിനു നാഥനും ഈജിപ്‌തുദേശത്തിന്‌ അധിപനുമാക്കിയിരിക്കുന്നു.

9 നിങ്ങള്‍ തിടുക്കത്തില്‍ പിതാവിന്‍െറയടുത്തുചെന്ന്‌ അവനോടു പറയുക: ദൈവം എന്നെ ഈജിപ്‌തിനു മുഴുവന്‍ നാഥനാക്കിയിരിക്കുന്നു. എന്‍െറയടുത്തു വരണം, ഒട്ടും താമസിക്കരുത്‌, എന്ന്‌ അങ്ങയുടെ മകന്‍ ജോസഫ്‌ പറയുന്നു.

10 അങ്ങേക്കു ഗോഷെനില്‍ പാര്‍ക്കാം. അങ്ങ്‌ എന്‍െറ അടുത്തായിരിക്കും; അങ്ങയോടൊപ്പം അങ്ങയുടെ മക്കളും മക്കളുടെ മക്കളും ആടുമാടുകളും അങ്ങേയ്‌ക്കുള്ള സകലതും.

11 അവിടെ അങ്ങയെ ഞാന്‍ പോറ്റിക്കൊള്ളാം. ക്‌ഷാമം അഞ്ചുകൊല്ലംകൂടി നീണ്ടുനില്‍ക്കും. അങ്ങും കുടുംബവും അങ്ങേയ്‌ക്കുള്ളവരും പട്ടിണിയിലകപ്പെടാതിരിക്കും.

12 ഞാനാണു നിങ്ങളോടു സംസാരിക്കുന്നതെന്നു നിങ്ങളും എന്‍െറ സഹോദരനായ ബഞ്ചമിനും നേരില്‍ കാണുന്നുണ്ടല്ലോ.

13 ഈജിപ്‌തിലെ എന്‍െറ പ്രതാപത്തെപ്പറ്റിയും നിങ്ങള്‍ കണ്ടതിനെക്കുറിച്ചും പിതാവിനോടു പറയുക. വേഗം ചെന്ന്‌ അവനെ കൂട്ടിക്കൊണ്ടുവരുക. ജോസഫ്‌ ബഞ്ചമിനെ കെട്ടിപ്പിടിച്ചു കരഞ്ഞു.

14 ബഞ്ചമിനും അവന്‍െറ തോളില്‍ തലചായ്‌ച്ചു കരഞ്ഞു.

15 അവന്‍ തന്‍െറ സഹോദരന്‍മാരെല്ലാവരെയും ചുംബിക്കുകയും കെട്ടിപ്പിടിച്ചു കരയുകയും ചെയ്‌തു. അപ്പോള്‍ അവര്‍ അവനോടു സംസാരിച്ചു.

16 ജോസഫിന്‍െറ സഹോദരന്‍മാര്‍ വന്നിട്ടുണ്ട് എന്ന വാര്‍ത്ത ഫറവോയുടെ വീട്ടിലെത്തിയപ്പോള്‍ ഫറവോയും ദാസന്‍മാരും സന്തോഷിച്ചു.

17 ഫറവോ ജോസഫിനോടു പറഞ്ഞു: നിന്‍െറ സഹോദരന്‍മാരോട്‌ ഇപ്രകാരം ചെയ്യാന്‍ പറയുക:

18 മൃഗങ്ങളുടെമേല്‍ ചുമടുകയറ്റി കാനാന്‍ദേശത്തുചെന്നു പിതാവിനെയും വീട്ടുകാരെയും കൂട്ടി എന്‍െറയടുത്തു വരുക. ഈജിപ്‌തിലെ ഏറ്റവും നല്ല ഭൂമി നിങ്ങള്‍ക്കു ഞാന്‍ തരാം. മണ്ണിന്‍െറ ഫലസമൃദ്‌ധി നിങ്ങള്‍ക്ക്‌ അനുഭവിക്കുകയും ചെയ്യാം.

19 അവരോടു പറയുക: നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും ഭാര്യമാര്‍ക്കുംവേണ്ടി ഈജിപ്‌തില്‍നിന്നു രഥങ്ങള്‍ കൊണ്ടുപോകുക. നിങ്ങളുടെ പിതാവിനെ കൂട്ടിക്കൊണ്ടുവരുക.

20 നിങ്ങളുടെ വസ്‌തുവകകളെപ്പറ്റി ഉത്‌കണ്‌ഠ വേണ്ടാ; ഈജിപ്‌തിലെ ഏറ്റവും നല്ലതൊക്കെ നിങ്ങളുടേതായിരിക്കും.

21 ഇസ്രായേലിന്‍െറ മക്കള്‍ അങ്ങനെ ചെയ്‌തു. ഫറവോയുടെ കല്‍പനയനുസരിച്ചു ജോസഫ്‌ അവര്‍ക്കു രഥങ്ങളും യാത്രയ്‌ക്കു വേണ്ട വകകളും കൊടുത്തു.

22 അവന്‍ അവര്‍ക്കോരോരുത്തര്‍ക്കും പുതിയ വസ്‌ത്രങ്ങള്‍ നല്‍കി. ബഞ്ചമിനാകട്ടെ മുന്നൂറുവെള്ളിനാണയവും അഞ്ചുവസ്‌ത്രവും കൊടുത്തു.

23 അവന്‍ പത്തു കഴുതകളുടെ പുറത്ത്‌ ഈജിപ്‌തിലെ വിശിഷ്‌ട വസ്‌തുക്കളും, പത്തു പെണ്‍കഴുതകളുടെ പുറത്തു ധാന്യവും അപ്പവും യാത്രയ്‌ക്കുവേണ്ട വകകളും തന്‍െറ പിതാവിനു കൊടുത്തയച്ചു.

24 അങ്ങനെ അവന്‍ സഹോദരന്‍മാരെ യാത്രയാക്കി. അവര്‍ പുറപ്പെട്ടപ്പോള്‍ അവന്‍ പറഞ്ഞു: വഴിക്കുവച്ചു ശണ്‌ഠകൂടരുത്‌.

25 ഈജിപ്‌തില്‍നിന്നു പുറപ്പെട്ട്‌ അവര്‍ കാനാന്‍ദേശത്ത്‌ തങ്ങളുടെ പിതാവായ യാക്കോബിന്‍െറ അടുത്തെത്തി.

26 അവര്‍ അവനോടു പറഞ്ഞു: ജോസഫ്‌ ജീവിച്ചിരിക്കുന്നു. അവന്‍ ഈജിപ്‌തു മുഴുവന്‍െറയും ഭരണാധികാരിയാണ്‌. അവന്‍ സ്‌തബ്‌ധനായിപ്പോയി. അവന്‍ അവരെ വിശ്വസിച്ചില്ല.

27 എന്നാല്‍, ജോസഫ്‌ പറഞ്ഞതൊക്കെ അവരില്‍ നിന്നു കേള്‍ക്കുകയും തന്നെ കൊണ്ടുപോകാന്‍ ജോസഫ്‌ അയച്ച രഥങ്ങള്‍ കാണുകയും ചെയ്‌തപ്പോള്‍ അവരുടെ പിതാവായ യാക്കോബിന്‌ ഉന്‍മേഷം വീണ്ടുകിട്ടി. അവന്‍ പറഞ്ഞു:

28 എനിക്കു തൃപ്‌തിയായി. എന്‍െറ മകന്‍ ജോസഫ്‌ ജീവിച്ചിരിപ്പുണ്ട്‌; മരിക്കുംമുന്‍പു ഞാന്‍ പോയി അവനെ കാണും.

---------------------------------------
ഉല്പത്തി - ആമുഖവും അധ്യായങ്ങളും
---------------------------------------