ഉത്‌പത്തി - 34

ദീനയുടെ മാനഹാനി

1 യാക്കോബിനു ലെയായിലുണ്ടായ മകള്‍ ദീന ആ നാട്ടിലുള്ള സ്‌ത്രീകളെ സന്‌ദര്‍ശിക്കാന്‍ പോയി.

2 അവിടത്തെ പ്രഭുവായിരുന്ന ഹാമോര്‍ എന്ന ഹിവ്യന്‍െറ മകന്‍ ഷെക്കെം അവളെ കണ്ടപ്പോള്‍ പിടിച്ചുകൊണ്ടു പോയി ബലാല്‍സംഗം ചെയ്‌ത്‌ അപമാനിച്ചു.

3 അവന്‍െറ ഹൃദയം യാക്കോബിന്‍െറ മകളായ ദീനയില്‍ ലയിച്ചു ചേര്‍ന്നു. അവന്‍ അവളെ അതിരറ്റു സ്‌നേഹിച്ചു. സ്‌നേഹവായ്‌പോടെ അവന്‍ അവളോടു സംസാരിച്ചു.

4 ഷെക്കെം തന്‍െറ പിതാവായ ഹാമോറിനോടു പറഞ്ഞു: ആ പെണ്‍കുട്ടിയെ എനിക്കു ഭാര്യയായിത്തരണം.

5 തന്‍െറ മകളായ ദീനയെ ഷെക്കെം മാനഭംഗപ്പെടുത്തിയെന്ന വിവരം യാക്കോബ്‌ അറിഞ്ഞു. പുത്രന്‍മാരെല്ലാവരും വയലില്‍ കാലികളുടെകൂടെ ആയിരുന്നതുകൊണ്ട്‌ അവര്‍ തിരിച്ചെത്തുംവരെ അവന്‍ ക്‌ഷമിച്ചിരുന്നു.

6 ഷെക്കെമിന്‍െറ പിതാവായ ഹാമോര്‍ യാക്കോബിനോടു സംസാരിക്കാനായി വന്നു.

7 വിവരമറിഞ്ഞ്‌ യാക്കോബിന്‍െറ പുത്രന്‍മാര്‍ വയലില്‍നിന്നു തിരിച്ചെത്തി. അവര്‍ക്കു രോഷവും അമര്‍ഷവുമുണ്ടായി. കാരണം, യാക്കോബിന്‍െറ മകളെ ബലാത്‌സംഗം ചെയ്‌തതു വഴി, ഷെക്കെം ഇസ്രായേലിനു നിഷിദ്‌ധമായ മ്ലേച്‌ഛതയാണു പ്രവര്‍ത്തിച്ചത്‌.

8 എന്നാല്‍, ഹാമോര്‍ അവരോടു പറഞ്ഞു: എന്‍െറ മകനായ ഷെക്കെമിന്‍െറ ഹൃദയം നിങ്ങളുടെ മകള്‍ക്കുവേണ്ടി ദാഹിക്കുന്നു. ദയചെയ്‌ത്‌ അവളെ അവനു ഭാര്യയായി നല്‍കണം.

9 ഞങ്ങളുമായി വിവാഹബന്‌ധത്തിലേര്‍പ്പെടുക. നിങ്ങളുടെ പെണ്‍കുട്ടികളെ ഞങ്ങള്‍ക്കു തരുക. ഞങ്ങളുടെ പെണ്‍കുട്ടികളെ നിങ്ങളും സ്വീകരിക്കുക.

10 ഞങ്ങളുടെ കൂടെ പാര്‍ക്കുക. ഈ നാട്ടില്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ടായിരിക്കും. നിങ്ങള്‍ക്ക്‌ ഇവിടെ പാര്‍ത്ത്‌ തൊഴില്‍ ചെയ്യുകയും സമ്പാദ്യമുണ്ടാക്കുകയും ചെയ്യാം.

11 ഷെക്കെം ദീനയുടെ പിതാവിനോടും സഹോദരന്‍മാരോടുമായി പറഞ്ഞു: ദയയോടെ നിങ്ങള്‍ എന്നോടു പെരുമാറണം. നിങ്ങള്‍ ചോദിക്കുന്നതു ഞാന്‍ നിങ്ങള്‍ക്കു തരാം.

12 സ്‌ത്രീധനമായോ വിവാഹസമ്മാനമായോ നിങ്ങള്‍ ചോദിക്കുന്നതെന്തും തരാന്‍ ഞാന്‍ ഒരുക്കമാണ്‌. പെണ്‍കുട്ടിയെ എനിക്കു ഭാര്യയായി തരണം.

13 തങ്ങളുടെ സഹോദരി ദീനയെ ഷെക്കെം മാനഭംഗപ്പെടുത്തിയതുകൊണ്ട്‌ യാക്കോബിന്‍െറ മക്കള്‍ അവനോടും അവന്‍െറ പിതാവായ ഹാമോറിനോടും ചതിവായി സംസാരിച്ചു.

14 അവര്‍ പറഞ്ഞു: പരിച്‌ഛേദനം ചെയ്യാത്ത ഒരുവന്‌ ഞങ്ങളുടെ സഹോദരിയെ ഭാര്യയായി നല്‍കുക സാധ്യമല്ല. ഞങ്ങള്‍ക്ക്‌ അത്‌ അപമാനകരമാണ്‌.

15 എന്നാല്‍ ഒരു വ്യവസ്‌ഥയില്‍ ഞങ്ങളിതിനു സമ്മതിക്കാം. നിങ്ങളുടെ പുരുഷന്‍മാരെല്ലാം പരിച്‌ഛേദനം ചെയ്‌ത്‌ ഞങ്ങളെപ്പോലെയാകണം.

16 അങ്ങനെയെങ്കില്‍ ഞങ്ങളുടെ പുത്രിമാരെ നിങ്ങള്‍ക്കു തരാം. നിങ്ങളുടെ പുത്രിമാരെ ഞങ്ങളും സ്വീകരിക്കാം. ഞങ്ങള്‍ നിങ്ങളോടൊത്തു വസിക്കുകയും നമ്മള്‍ ഒരു ജനതയായിത്തീരുകയും ചെയ്യും.

17 ഞങ്ങള്‍ പറയുന്നതനുസരിച്ചു പരിച്‌ഛേദനം ചെയ്യാന്‍ നിങ്ങള്‍ ഒരുക്കമല്ലെങ്കില്‍ ഞങ്ങളുടെ മകളെയും കൊണ്ടു ഞങ്ങള്‍ സ്‌ഥലം വിടും.

18 അവരുടെ വ്യവസ്‌ഥ ഹാമോറിനും മകന്‍ ഷെക്കെമിനും ഇഷ്‌ടപ്പെട്ടു.

19 അങ്ങനെ ചെയ്യാന്‍ ആ ചെറുപ്പക്കാരന്‍ ഒട്ടും മടികാണിച്ചില്ല. കാരണം, യാക്കോബിന്‍െറ മകളില്‍ അവന്‍ അത്രമേല്‍ അനുരക്‌തനായിരുന്നു. അവന്‍െറ കുടുംബത്തില്‍ ഏറ്റവും മതിക്കപ്പെട്ടവനായിരുന്നു ഷെക്കെം.

20 അതിനാല്‍, ഹാമോറും മകന്‍ ഷെക്കെമും നഗരകവാടത്തിങ്കല്‍ച്ചെന്ന്‌ അവരുടെ പട്ടണത്തിലെ പുരുഷന്‍മാരോട്‌ ഇപ്രകാരം പറഞ്ഞു:

21 ഈ മനുഷ്യര്‍ നമ്മോടു സൗഹാര്‍ദത്തിലാണ്‌. അവര്‍ ഈ നാട്ടില്‍ പാര്‍ത്ത്‌ ഇവിടെ തൊഴില്‍ ചെയ്യട്ടെ. ഈ നാട്‌ അവരെക്കൂടി ഉള്‍ക്കൊള്ളാന്‍മാത്രം വിശാലമാണല്ലോ. അവരുടെ പുത്രിമാരെ നമുക്കു ഭാര്യമാരായി സ്വീകരിക്കാം. നമ്മുടെ പുത്രിമാരെ അവര്‍ക്കു നല്‍കുകയും ചെയ്യാം.

22 എന്നാല്‍, ഒരു വ്യവസ്‌ഥയില്‍ മാത്രമേ ഇവര്‍ നമ്മോടൊത്തു പാര്‍ത്ത്‌ ഒരു ജനതയാകാന്‍ സമ്മതിക്കുകയുള്ളു. നമ്മുടെ പുരുഷന്‍മാരെല്ലാം അവരെപ്പോലെ പരിച്‌ഛേദനം ചെയ്യണം.

23 അവരുടെ സമ്പത്തും കന്നുകാലികളും മറ്റു മൃഗങ്ങളുമൊക്കെ നമ്മുടേതാവില്ലേ? നമുക്കിതു സമ്മതിക്കാം. എങ്കില്‍, അവര്‍ നമ്മുടെകൂടെ താമസിക്കും.

24 പട്ടണത്തിലെ പുരുഷന്‍മാരെല്ലാം ഹാമോറിന്‍െറയും മകന്‍ ഷെക്കെമിന്‍െറയും വാക്കുകള്‍ കേട്ടു പരിച്‌ഛേദനം ചെയ്‌തു.

25 മൂന്നാംദിവസം, അവര്‍ വേദനിച്ചിരുന്നപ്പോള്‍ ദീനയുടെ സഹോദരന്‍മാരും യാക്കോബിന്‍െറ പുത്രന്‍മാരുമായ ശിമയോനും ലേവിയും വാളെടുത്ത്‌ അപ്രതീക്‌ഷിതമായി നഗരത്തില്‍കടന്നു പുരുഷന്‍മാരെയെല്ലാം വധിച്ചു.

26 ഹാമോറിനെയും മകന്‍ ഷെക്കെമിനെയും അവര്‍ വാളിനിരയാക്കി; ഷെക്കെമിന്‍െറ വീട്ടില്‍ നിന്നു ദീനയെ വീണ്ടെടുത്ത്‌ അവര്‍ തിരിച്ചുപോയി.

27 തങ്ങളുടെ സഹോദരിയെ മാനഭംഗപ്പെടുത്തിയതിന്‍െറ പേരില്‍ യാക്കോബിന്‍െറ മക്കള്‍, മരിച്ചുകിടന്നവരുടെ ഇടയിലൂടെചെന്നു നഗരം കൊള്ളയടിച്ചു.

28 അവരുടെ ആടുമാടുകളെയും കഴുതകളെയും നഗരത്തിലും വയലിലുമുണ്ടായിരുന്ന സകലത്തെയും അവര്‍ അപഹരിച്ചു.

29 അവരുടെ സ്വത്തും വീട്ടുവകകളൊക്കെയും യാക്കോബിന്‍െറ മക്കള്‍ കൈവശപ്പെടുത്തി. കുഞ്ഞുങ്ങളെയും സ്‌ത്രീകളെയും പിടിച്ചുകൊണ്ടു പോവുകയും ചെയ്‌തു.

30 അപ്പോള്‍ യാക്കോബ്‌ ശിമയോനെയും ലേവിയെയും വിളിച്ച്‌ ഇങ്ങനെ പറഞ്ഞു: ഇന്നാട്ടുകാരായ കാനാന്‍കാരുടെയും പെരീസ്യരുടെയും മുന്‍പില്‍ നിങ്ങള്‍ എനിക്കു ദുഷ്‌കീര്‍ത്തി വരുത്തിയിരിക്കുന്നു. എനിക്ക്‌ ആള്‍ബലം കുറവാണ്‌. അവരൊന്നിച്ചു കൂടി എന്നെ ആക്രമിച്ചാല്‍ ഞാന്‍ തകര്‍ന്നുപോകും. ഞാനും കുടുംബവും നശിക്കും.

31 അവര്‍ ചോദിച്ചു: ഒരുവേശ്യയോടെന്നപോലെ അവന്‍ ഞങ്ങളുടെ സഹോദരിയോടു പെരുമാറിയതെന്തിന്‌?


---------------------------------------
ഉല്പത്തി - ആമുഖവും അധ്യായങ്ങളും
---------------------------------------