ഉത്‌പത്തി - 50

യക്കോബിനെ സംസ്‌കരിക്കുന്നു

1 ജോസഫ്‌ തന്‍െറ പിതാവിന്‍െറ മുഖത്തേയ്‌ക്കു കമിഴ്‌ന്നു വീണു കരഞ്ഞുകൊണ്ട് അവനെ ചുംബിച്ചു.

2 അവന്‍ തന്‍െറ ദാസന്‍മാരായ വൈദ്യന്‍മാരോടു പിതാവിന്‍െറ ശരീരത്തില്‍ പരിമളദ്രവ്യങ്ങള്‍ പൂശാന്‍ ആജ്‌ഞാപിച്ചു. അവര്‍ അങ്ങനെ ചെയ്‌തു.

3 അതിനു നാല്‍പതു ദിവസമെടുത്തു. കാരണം, പരിമളദ്രവ്യം പൂശിത്തീരാന്‍ അത്രയും ദിവസം വേണം. ഈജിപ്‌തുകാര്‍ എഴുപതു ദിവസം അവനെയോര്‍ത്തു വിലപിച്ചു.

4 അവനുവേണ്ടിയുള്ള വിലാപകാലം കഴിഞ്ഞപ്പോള്‍, ജോസഫ്‌ ഫറവോയുടെ വീട്ടുകാരോടു പറഞ്ഞു: നിങ്ങള്‍ എന്നില്‍ സംപ്രീതരാണെങ്കില്‍ ദയ ചെയ്‌ത്‌ ഫറവോയോട്‌ ഇങ്ങനെ ഉണര്‍ത്തിക്കുക:

5 എന്‍െറ പിതാവ്‌ എന്നെക്കൊണ്ട് ഒരു പ്രതിജ്‌ഞ ചെയ്യിച്ചു. അവന്‍ പറഞ്ഞു: ഞാന്‍ മരിക്കാറായി; കാനാന്‍ദേശത്ത്‌ എനിക്കുവേണ്ടി ഞാന്‍ തയ്യാറാക്കിയിരിക്കുന്ന കല്ലറയില്‍ത്തന്നെ നീ എന്നെ സംസ്‌കരിക്കണം. അതുകൊണ്ട്, ഞാന്‍ പോയി എന്‍െറ പിതാവിനെ സംസ്‌കരിക്കട്ടെ; അതുകഴിഞ്ഞു ഞാന്‍ തിരിച്ചുവരും

6 ഫറവോ പറഞ്ഞു: നീ പോയി അവന്‍ പ്രതിജ്‌ഞ ചെയ്യിച്ചതനുസരിച്ച്‌ അവനെ സംസ്‌കരിക്കുക.

7 ജോസഫ്‌ പിതാവിനെ സംസ്‌കരിക്കാന്‍ പോയി. ഫറവോയുടെ വേലക്കാരും കൊട്ടാരത്തിലെ പ്രമാണികളും ഈജിപ്‌തിലെ തലവന്‍മാരും അവനോടൊപ്പംപോയി.

8 ജോസഫിന്‍െറ വീട്ടുകാരും സഹോദരന്‍മാരും പിതാവിന്‍െറ കുടുംബവും അവന്‍െറ കൂടെ ഉണ്ടായിരുന്നു. കുട്ടികളും ആടുമാടുകളും മാത്രമേ ഗോഷെന്‍ദേശത്തു ശേഷിച്ചുള്ളൂ.

9 രഥങ്ങളും കുതിരക്കാരും അവനെ അനുഗമിച്ചു. അതു വലിയൊരു സംഘമായിരുന്നു.

10 ജോര്‍ദാന്‌ അക്കരെയുള്ള അത്താദിലെ മെതിസ്‌ഥലത്തെത്തിയപ്പോള്‍ അവര്‍ ഉച്ചത്തില്‍ വിലപിച്ചു. അവന്‍ ഏഴുദിവസം പിതാവിനെയോര്‍ത്തു വിലപിച്ചു.

11 അന്നാട്ടുകാരായ കാനാന്യര്‍ അത്താദിന്‍െറ മെതിക്കളത്തില്‍ നടന്ന ഈ വിലാപം കേട്ടപ്പോള്‍, ഈജിപ്‌തുകാര്‍ക്കു വളരെ ഗൗരവമുള്ള ഒരു വിലാപമാണിത്‌ എന്നുപറഞ്ഞു. അതുകൊണ്ട്‌, ആ സ്‌ഥലത്തിന്‌ ആബേല്‍ മിസ്രയിം എന്നു പേരുണ്ടായി. അതു ജോര്‍ദാന്‌ അക്കരെയാണ്‌.

12 അങ്ങനെ, യാക്കോബ്‌ ആവശ്യപ്പെട്ടതുപോലെ അവന്‍െറ മക്കള്‍ പ്രവര്‍ത്തിച്ചു.

13 അവര്‍ അവനെ കാനാന്‍ദേശത്തു കൊണ്ടുപോയി. മാമ്രേക്കു കിഴക്ക്‌ മക്‌പെലായിലുള്ള വയലിലെ ഗുഹയില്‍ സംസ്‌കരിച്ചു. അബ്രാഹം ഹിത്യനായ എഫ്രോണില്‍നിന്നു ശ്‌മശാനഭൂമിക്കുവേണ്ടി വയലുള്‍പ്പെടെ അവകാശമായി വാങ്ങിയതാണ്‌ ആ ഗുഹ. പിതാവിനെ സംസ്‌കരിച്ചതിനുശേഷം,

14 ജോസഫ്‌ സഹോദരന്‍മാരും കൂടെപ്പോയ എല്ലാവരുമൊത്ത്‌, ഈജിപ്‌തിലേക്കു മടങ്ങി.

15 തങ്ങളുടെ പിതാവു മരിച്ചപ്പോള്‍ ജോസഫിന്‍െറ സഹോദരന്‍മാര്‍ പറഞ്ഞു: ഒരു പക്‌ഷേ, ജോസഫ്‌ നമ്മെ വെറുക്കുകയും നാം ചെയ്‌ത ദ്രോഹത്തിനെല്ലാം പകരം വീട്ടുകയും ചെയ്യും.

16 പിതാവു മരിക്കുന്നതിനുമുമ്പ്‌ ഇങ്ങനെ കല്‍പിച്ചിരുന്നു, എന്നുപറയാന്‍ അവര്‍ ഒരു ദൂതനെ അവന്‍െറ അടുത്തേക്കയച്ചു.

17 ജോസഫിനോടു പറയുക: അങ്ങയുടെ സഹോദരന്‍മാരുടെ തെറ്റുകളും കുറ്റങ്ങളും ദയവായി അവരോടു ക്‌ഷമിക്കുക. അവര്‍ അങ്ങയെ ദ്രോഹിച്ചു. അങ്ങയുടെ പിതാവിന്‍െറ ദൈവത്തിന്‍െറ ദാസന്‍മാരുടെ തെറ്റുകള്‍ പൊറുക്കണമെന്നു ഞങ്ങള്‍ അപേക്‌ഷിക്കുന്നു. അവര്‍ ഇതു പറഞ്ഞപ്പോള്‍ ജോസഫ്‌ കരഞ്ഞുപോയി.

18 സഹോദരന്‍മാര്‍വന്ന്‌ അവന്‍െറ മുന്‍പില്‍ വീണുപറഞ്ഞു: ഞങ്ങള്‍ അങ്ങയുടെ ദാസന്‍മാരാണ്‌.

19 ജോസഫ്‌ പറഞ്ഞു: നിങ്ങള്‍ പേടിക്കേണ്ടാ, ഞാന്‍ ദൈവത്തിന്‍െറ സ്‌ഥാനത്താണോ?

20 നിങ്ങള്‍ എനിക്കു തിന്‍മചെയ്‌തു. പക്‌ഷേ, ദൈവം അതു നന്‍മയാക്കി മാറ്റി. ഇന്നു കാണുന്നതുപോലെ അനേകംപേരുടെ ജീവന്‍ രക്‌ഷിക്കാന്‍ വേണ്ടിയാണ്‌ അവിടുന്ന്‌ അതു ചെയ്‌തത്‌.

21 അതുകൊണ്ടു ഭയപ്പെടേണ്ട, നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഞാന്‍ പോറ്റിക്കൊള്ളാം. അങ്ങനെ, അവന്‍ അവരെ ധൈര്യപ്പെടുത്തുകയും സാന്ത്വനപ്പെടുത്തുകയും ചെയ്‌തു.

ജോസഫിന്‍െറ മരണം

22 ജോസഫും അവന്‍െറ പിതാവിന്‍െറ കുടുംബവും ഈജിപ്‌തില്‍ പാര്‍ത്തു. ജോസഫ്‌ നൂറ്റിപ്പത്തുകൊല്ലം ജീവിച്ചു.

23 എഫ്രായിമിന്‍െറ മൂന്നാം തലമുറയിലെ മക്കളെ അവന്‍ കണ്ടു. മനാസ്‌സെയുടെ മകനായ മാക്കീറിന്‍െറ കുഞ്ഞുങ്ങളും ജോസഫിന്‍െറ മടിയില്‍ കിടന്നിട്ടുണ്ട്‌.

24 ജോസഫ്‌ സഹോദരന്‍മാരോടു പറഞ്ഞു: ഞാന്‍ മരിക്കാറായി; എന്നാല്‍, ദൈവം നിങ്ങളെ സന്‌ദര്‍ശിക്കും. അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും വാഗ്‌ദാനം ചെയ്‌ത നാട്ടിലേക്ക്‌ അവിടുന്നു നിങ്ങളെ കൊണ്ടുപോകും.

25 ദൈവം നിങ്ങളെ സന്‌ദര്‍ശിക്കുമ്പോള്‍, നിങ്ങള്‍ എന്‍െറ അവശിഷ്‌ടങ്ങള്‍ ഇവിടെനിന്നുകൊണ്ടു പോകണം, എന്നു തന്‍െറ സഹോദരന്‍മാരോടു പറഞ്ഞ്‌ ജോസഫ്‌ അവരെക്കൊണ്ടു പ്രതിജ്‌ഞ ചെയ്യിച്ചു.

26 നൂറ്റിപ്പത്തു വയസ്‌സായപ്പോള്‍ ജോസഫ്‌ മരിച്ചു. അവര്‍ അവനെ പരിമളദ്രവ്യം പൂശി ഈജിപ്‌തില്‍ ഒരു ശവപ്പെട്ടിയില്‍ സൂക്‌ഷിച്ചു.

---------------------------------------
ഉല്പത്തി - ആമുഖവും അധ്യായങ്ങളും
---------------------------------------