ജറുസലെം സൂനഹദോസ്
1. യൂദയായിൽനിന്നു ചിലർ അവിടെ വന്ന്, മോശയുടെ നിയമമനുസരിച്ച് പരിച്ഛേദനം ചെയ്യപ്പെടാത്തപക്ഷം രക്ഷപ്രാപിക്കുവാൻ സാധ്യമല്ല എന്നു സഹോദരരെ പഠിപ്പിച്ചു.
2. പൗലോസും ബാർണബാസും അവരോടു വിയോജിക്കുകയും വിവാദത്തിൽ ഏർപ്പെടുകയുംചെയ്തു. തൻമൂലം, ജറുസലെമിൽച്ചെന്ന് അപ്പസ്തോലൻമാരും ശ്രേഷ്ഠൻമാരുമായി ഈ പ്രശ്നം ചർച്ചചെയ്യാൻ പൗലോസും ബാർണബാസും അവരുടെ കൂട്ടത്തിൽപ്പെട്ട മറ്റു ചിലരും നിയോഗിക്കപ്പെട്ടു.
3. സഭയുടെ നിർദ്ദേശമനുസരിച്ചുയാത്രതിരിച്ച അവർ വിജാതീയരുടെ മാനസാന്തരവാർത്ത വിവരിച്ചുകേൾപ്പിച്ചുകൊണ്ട് ഫിനീഷ്യാ, സമരിയാ എന്നിവിടങ്ങളിലൂടെ കടന്നുപോയി. സഹോദരൻമാർക്കെല്ലാം വലിയ സന്തോഷമുളവായി.
4. ജറുസലെമിൽ എത്തിയപ്പോൾ സഭയും അപ്പസ്തോലൻമാരും ശ്രേഷ്ഠൻമാരും അവരെ സ്വീകരിച്ചു. ദൈവം തങ്ങൾ മുഖാന്തരം പ്രവർത്തിച്ച കാര്യങ്ങൾ അവർ പ്രഖ്യാപിച്ചു.
5. എന്നാൽ, ഫരിസേയരുടെ ഗണത്തിൽനിന്നു വിശ്വാസം സ്വീകരിച്ച ചിലർ എഴുന്നേറ്റുപ്രസ്താവിച്ചു: അവരെ പരിച്ഛേദനംചെയ്യുകയും മോശയുടെ നിയമം പാലിക്കണമെന്ന് അവരോടു നിർദേശിക്കുകയും ചെയ്യുക ആവശ്യമാണ്.
6. ഇക്കാര്യം പരിഗണിക്കാൻ അപ്പസ്തോലൻമാരും ശ്രേഷ്ഠൻമാരും ഒരുമിച്ചുകൂടി.
7. വലിയ വാദപ്രതിവാദം നടന്നപ്പോൾ, പത്രോസ് എഴുന്നേറ്റു പറഞ്ഞു: സഹോദരൻമാരേ, വളരെ മുമ്പുതന്നെ ദൈവം നിങ്ങളുടെയിടയിൽ ഒരു തെരഞ്ഞെടുപ്പു നടത്തുകയും വിജാതീയർ എന്റെ അധരങ്ങളിൽനിന്നു സുവിശേഷവചനങ്ങൾകേട്ടു വിശ്വസിക്കണമെന്നു നിശ്ചയിക്കുകയും ചെയ്തു എന്നു നിങ്ങൾക്കറിയാമല്ലോ.
8. ഹൃദയങ്ങളെ അറിയുന്ന ദൈവം നമുക്കെന്നതുപോലെ അവർക്കും പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ട് അവരെ അംഗീകരിച്ചു.
9. നമ്മളും അവരും തമ്മിൽ അവിടുന്നു വ്യത്യാസം കൽപിച്ചില്ല; അവരുടെ ഹൃദയങ്ങളെയും വിശ്വാസം കൊണ്ടു പവിത്രീകരിച്ചു.
10. അതുകൊണ്ട്, നമ്മുടെ പിതാക്കൻമാർക്കോ നമുക്കോ താങ്ങാൻ വയ്യാതിരുന്ന ഒരു നുകം ഇപ്പോൾ ശിഷ്യരുടെ ചുമലിൽ വച്ചുകെട്ടി എന്തിനു ദൈവത്തെനിങ്ങൾ പരീക്ഷിക്കുന്നു?
11. അവരെപ്പോലെതന്നെ നാമും രക്ഷപ്രാപിക്കുന്നത് കർത്താവായ യേശുവിന്റെ കൃപയാലാണെന്നു നാം വിശ്വസിക്കുന്നു.
12. സമൂഹം നിശ്ശബ്ദമായിരുന്നു. തങ്ങൾവഴി വിജാതീയരുടെയിടയിൽ ദൈവം പ്രവർത്തിച്ച അദ്ഭുതങ്ങളും അടയാളങ്ങളും ബാർണബാസും പൗലോസും വിവരിച്ചത് അവർ ശ്രദ്ധാപൂർവ്വം കേട്ടുകൊണ്ടിരുന്നു.
13. അവർ പറഞ്ഞവസാനിപ്പിച്ചപ്പോൾ യാക്കോബ് പറഞ്ഞു: സഹോദരൻമാരേ, ഞാൻ പറയുന്നത് കേൾക്കുവിൻ.
14. തന്റെ നാമത്തിനുവേണ്ടി വിജാതീയരിൽനിന്ന് ഒരു ജനത്തെ തെരഞ്ഞെടുക്കാൻ ദൈവം ആദ്യം അവരെ സന്ദർശിച്ചതെങ്ങനെയെന്നു ശിമയോൻ വിവരിച്ചുവല്ലോ.
15. പ്രവാചകൻമാരുടെ വാക്കുകൾ ഇതിനോടു പൂർണമായി യോജിക്കുന്നു. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു:
16. ഇതിനുശേഷം ഞാൻ തിരിച്ചുവരും. ദാവീദിന്റെ വീണുപോയ കൂടാരം ഞാൻ വീണ്ടും പണിയും. അതിന്റെ ന ഷ്ടശിഷ്ടങ്ങളിൽനിന്ന് ഞാൻ അതിനെ പുതുക്കിപ്പണിയും. അതിനെ ഞാൻ വീണ്ടും ഉയർത്തിനിർത്തും.
17. കർത്താവ് അരുളിച്ചെയ്യുന്നു: ശേഷിക്കുന്ന ജനങ്ങളും എന്റെ നാമത്തിനു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന വിജാതീയരും കർത്താവിനെ അന്വേഷിക്കുന്നതിനുവേണ്ടിയാണിത്.
18. അവിടുന്നു പുരാതനകാലംമുതൽ ഇതെല്ലാം വ്യക്തമാക്കിയിട്ടുണ്ട്.
19. അതിനാൽ, ദൈവത്തിലേക്കു തിരിയുന്ന വിജാതീയരെ നാം വിഷമിപ്പിക്കരുത് എന്നാണ് എന്റെ അഭിപ്രായം.
20. എന്നാൽ, അവർ വിഗ്രഹാരാധനയെ സംബന്ധിക്കുന്ന മാലിന്യത്തിൽനിന്നും വ്യഭിചാരത്തിൽനിന്നും കഴുത്തു ഞെരിച്ചു കൊല്ലപ്പെട്ടവയിൽ നിന്നും രക്തത്തിൽ നിന്നും അകന്നിരിക്കാൻ അവർക്ക് എഴുതണം.
21. എന്തെന്നാൽ, തലമുറകൾക്കു മുമ്പുതന്നെ എല്ലാ നഗരങ്ങളിലും മോശയുടെ നിയമം പ്രഘോഷിക്കുന്ന ചിലരുണ്ടായിരുന്നു. എല്ലാ സാബത്തിലും സിനഗോഗുകളിൽ അതു വായിക്കുകയും ചെയ്യുന്നുണ്ട്.
സൂനഹദോസ് തീരുമാനം
22. തങ്ങളിൽനിന്നു ചിലരെ തെരഞ്ഞെടുത്ത് ബാർണബാസിനോടും പൗലോസിനോടുമൊപ്പം അന്ത്യോക്യായിലേക്ക് അയയ്ക്കുന്നതു നന്നായിരിക്കുമെന്ന് അപ്പസ്തോലൻമാർക്കും ശ്രേഷ്ഠൻമാർക്കും സഭയ്ക്കുമുഴുവനും തോന്നി. സഹോദരൻമാ രിൽ നേതാക്കൻമാരായിരുന്ന ബാർസബാസ് എന്നു വിളിക്കുന്ന യൂദാസിനെയും സീലാസിനെയും ഒരു എഴുത്തുമായി അവർ അയച്ചു.
23. എഴുത്ത് ഇപ്രകാരമായിരുന്നു: അപ്പസ്തോലൻമാരും ശ്രേഷ്ഠൻമാരുമായ സഹോദരൻമാർ അന്ത്യോക്യായിലെയും സിറിയായിലെയും കിലിക്യായിലെയും വിജാതീയരിൽനിന്നുള്ള സഹോദരരായ നിങ്ങൾക്ക് അഭിവാദനമർപ്പിക്കുന്നു.
24. ഞങ്ങളിൽ ചിലർ പ്രസംഗങ്ങൾ മുഖേന നിങ്ങൾക്കു മനശ്ചാഞ്ചല്യം വരുത്തിക്കൊണ്ടു നിങ്ങളെ ബുഡ്ഢിമുട്ടിച്ചുവെന്ന് ഞങ്ങൾകേട്ടു. ഞങ്ങൾ അവർക്കുയാതൊരു നിർദേശവും നൽകിയിരുന്നില്ല.
25. അതുകൊണ്ട്, തെരഞ്ഞെടുക്കപ്പെട്ട ചിലരെ നമ്മുടെ പ്രിയപ്പെട്ട ബാർണബാസിനോടും പൗലോസിനോടുമൊപ്പം നിങ്ങളുടെ അടുക്കലേക്ക് അയയ്ക്കുന്നത് നന്നായിരിക്കുമെന്ന് ഞങ്ങൾ ഏകകണ്ഠമായി തീരുമാനിച്ചു.
26. അവർ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെപ്രതി സ്വന്തം ജീവനെപ്പോലും പണയപ്പെടുത്തിയിരിക്കുന്നവരാണല്ലോ.
27. അതുകൊണ്ട്, ഞങ്ങൾ യൂദാസിനെയും സീലാസിനെയും അയച്ചിരിക്കുന്നു. ഈ കാര്യങ്ങൾതന്നെ അവർ നിങ്ങളോടു നേരിട്ടു സംസാരിക്കുന്നതായിരിക്കും.
28. താഴെപ്പറയുന്ന അത്യാവശ്യകാര്യങ്ങളെക്കാൾ കൂടുതലായി ഒരു ഭാരവും നിങ്ങളുടെമേൽ ചുമത്താതിരിക്കുന്നതാണു നല്ലതെന്നു പരിശുദ്ധാത്മാവിനും ഞങ്ങൾക്കും തോന്നി.
29. വിഗ്രഹങ്ങൾക്കർപ്പിച്ചവസ്തുക്കൾ, രക്തം, കഴുത്തുഞെരിച്ചുകൊല്ലപ്പെട്ടവ, വ്യഭിചാരം എന്നിവയിൽനിന്നു നിങ്ങൾ അകന്നിരിക്കണം. ഇവയിൽനിന്ന് അകന്നിരുന്നാൽ നിങ്ങൾക്കു നന്ന്. മംഗളാശംസകൾ!
30. അവർയാത്രതിരിച്ച് അന്ത്യോക്യായിൽ എത്തി; ജനങ്ങളെ മുഴുവൻ വിളിച്ചുകൂട്ടി എഴുത്ത് അവരെ ഏൽപിച്ചു.
31. അവർ ആ ഉപദേശം വായിച്ച് സന്തുഷ്ടരായി.
32. പ്രവാചകൻമാർ കൂടിയായിരുന്ന യൂദാസും സീലാസും സഹോദരർക്ക് വളരെ ഉപദേശങ്ങൾ നൽകുകയും അവരെ വിശ്വാസത്തിൽ ശക്തിപ്പെടുത്തുകയും ചെയ്തു.
33. അവർ കുറെനാൾ അവിടെ ചെലവഴിച്ചു.
34. പിന്നീട് അവരെ അയച്ചവരുടെ അടുക്കലേക്ക് സഹോദരർ അവരെ സൗഹാർഡ്ഡപൂർവ്വംയാത്രയാക്കി.
35. എന്നാൽ, പൗലോസും ബാർണബാസും മറ്റു പലരോടുമൊപ്പം കർത്താവിന്റെ വചനം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ട് അന്ത്യോക്യായിൽ താമസിച്ചു.
പൗലോസും ബാർണബാസും വേർപിരിയുന്നു
36. കുറെദിവസം കഴിഞ്ഞപ്പോൾ പൗലോസ് ബാർണബാസിനോടു പറഞ്ഞു: വരൂ, നാം കർത്താവിന്റെ വചനം പ്രസംഗിച്ച എല്ലാ നഗരങ്ങളിലും തിരിച്ചുചെന്ന് സഹോദരരെ സന്ദർശിച്ച് അവർ എങ്ങനെ കഴിയുന്നുവെന്ന് അറിയാം.
37. മർക്കോസ് എന്നു വിളിക്കപ്പെടുന്ന യോഹന്നാനെക്കൂടി കൊണ്ടുപോകാൻ ബാർണബാസ് ആഗ്രഹിച്ചു.
38. എന്നാൽ, പാംഫീലിയായിൽവച്ച് തങ്ങളിൽനിന്നു പിരിഞ്ഞുപോവുകയും പിന്നീട് ജോലിയിൽ തങ്ങളോടു ചേരാതിരിക്കുകയുംചെയ്ത ഒരുവനെ കൂടെ കൊണ്ടുപോകാതിരിക്കുകയാണ് നല്ലത് എന്നായിരുന്നു പൗലോസിന്റെ പക്ഷം.
39. ശക്തമായ അഭിപ്രായഭിന്നതമൂലം അവർ പിരിഞ്ഞു. ബാർണബാസ് മർക്കോസിനെയും കൂട്ടി സൈപ്രസിലേക്കു കപ്പൽ കയറി.
40. പൗലോസ് സീലാസിനെ തെരഞ്ഞെടുത്ത് അവനോടുകൂടെയാത്രതിരിച്ചു. സഹോദരരെല്ലാം അവരെ കർത്താവിന്റെ കൃപയ്ക്കു ഭരമേൽപിച്ചു.
41. അവൻ സഭകളെ ശക്തിപ്പെടുത്തിക്കൊണ്ട് സിറിയായിലൂടെയും കിലിക്യായിലൂടെയും സഞ്ചരിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)